കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ താങ്ങുവില വര്‍ധന പ്രഖ്യാപനം തദ്ദേശ തെരഞ്ഞെടുപ്പു മുതലെടുപ്പിനുള്ള പ്രഹസനം മാത്രമായി. തെരഞ്ഞെടുപ്പു പരാജയത്തിനൊപ്പം സാമ്പത്തിക പ്രതിസന്ധികൂടി കണക്കിലെടുത്ത് 200 രൂപ താങ്ങുവില നല്കാന് സാധ്യതയില്ല.
ഉയര്‍ന്ന വില ലഭിക്കാന്‍ വേണ്ട ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള വെബ്സൈറ്റ് 2025 അവസാനിക്കുമ്പോഴും തുറന്നിട്ടില്ല. നവംബര്‍ ഒന്നുമുതല്‍ ഉയര്‍ന്ന വില നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
പുതുതായി രജിസ്റ്റര്‍ ചെയ്യേണ്ടതും റബര്‍ വിറ്റതിന്റെ ബില്ലുകള്‍ സമര്‍പ്പിക്കേണ്ടതും റബര്‍ ബോര്‍ഡിന്റെ വെബ്സൈറ്റ് മുഖാന്തരമാണ്. വിപണിവിലയും താങ്ങുവിലയായ 200 രൂപയും തമ്മിലുള്ള വ്യത്യാസമാണ് സര്‍ക്കാര്‍ അനുവദിക്കുക. നേരത്തേ 180 രൂപയായിരുന്നു താങ്ങുവില. ഇക്കൊല്ലം റബറിന് ശരാശരി 175 രൂപ വിലയുണ്ടായിരുന്നതിനാല്‍ കര്‍ഷകര്‍ പുതുതായി റബര്‍ ഉത്പാദന പ്രോത്സാഹനപദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുകയോ രജിസ്റ്റര്‍ ചെയ്തവര്‍ പുതുക്കുകയോ ചെയ്തിട്ടില്ല.
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയായിരുന്നു രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയം. കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ രജിസ്ട്രേഷന് കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. സംസ്ഥാനത്ത് 5,61,733 കര്‍ഷകരാണ് കഴിഞ്ഞവര്‍ഷം വരെ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ അവസാനമാണ് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി റബറിനും നെല്ലിനും വില ഉയര്‍ത്തിയത്.
അതേസമയം, വില സ്ഥിരതാ പദ്ധതി വെബ്സൈറ്റില്‍ റബര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടയ്ക്കാനുള്ള ഓപ്ഷന് ഇപ്പോഴുമുണ്ട്. കര വരുമാനം വാങ്ങിയെടുക്കാനുള്ള താത്പര്യം ഉയര്‍ന്ന വില ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിനില്ല.